Sunday, 5 July 2020

ഒരു പൊട്ടിത്തെറി - ലദീദ അസ്ബീര്‍

ഈ കഥ നടക്കുന്നത് അങ്ങ് ഷാർജയിലാണ്. 2000-2001 കാലഘട്ടത്തിലാണെന്നാനെന്റെ ഓർമ്മ. ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്നു. അന്ന് ഞങ്ങൾ താമസിച്ചിരുന്നത് ഒരു വില്ലയിലാണ് (വില്ലയെന്നാൽ വീട്  അത് രണ്ടു നിലയാകാം ഒരു നിലയാകാം എന്തായാലും മുറ്റം ഉണ്ടാകും) ആ വില്ല ഉണ്ടായിരുന്ന സ്ഥലത്തിന്റെ പേരാണ് “ഗാഫിയ". ആ നാമം അനർത്ഥമാക്കുന്നതു പോലെ തന്നെ “Napping” അവിടെ ഉള്ളവർ അൽപ്പ ഉറക്കക്കാരന്ന്  എനിക്ക് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും പകലുറക്കം. എന്റെ ഉമ്മാക്ക് പകലുറക്കത്തിന് പേരു കേട്ടതു തന്നെ അവിടെ നിന്നാണ്.

AKAM - Story


പറഞ്ഞുവന്ന വിഷയത്തിൽ നിന്നല്പം വ്യതിയാനിച്ചു എന്നൊരു സംശയം.
ഞങ്ങൾ (ഞങ്ങളെന്നു പറഞ്ഞാൽ ഞാനും എന്റെ അനിയനും) കുഞ്ഞുങ്ങളായതിനാലും അതിനുപരി പെട്ടന്ന് നാട്ടിൽ നിന്നും പറിച്ചു നട്ട  കുഞ്ഞു മനസ്സ് എന്നതിനാലും ആകണം എന്റെ ഉപ്പ വില്ല എടുത്തത്, അതും നാടിന്റെ ഏകദെശം അറ്റ്‌മോസ്‌ഫിയറില്‍ തന്നെ.

അതൊരു ഒറ്റനില വില്ലയായിരുന്നു. രണ്ടു വീടുകളാണ് ഒരു കോമ്പൗണ്ടിൽ ഉള്ളത്, അടുക്കള പുറത്താണ് എന്തിനേറെ നാട്ടിലത്തെ എന്റെ വീടുപോലെ തന്നെ ബാത്രൂം വരെ പുറത്താണ് അതും വീടിന്റെ പുറകിൽ. മുറ്റത്തു അലക്കാൻ കല്ലുണ്ട്, മുറ്റത്തുരണ്ട് ഈന്തപന യുണ്ട്, ഒരു കോണി ചോടുണ്ട്.
കോണി കയറിയാൽ വീടിന്റെ വാർപ്പിൽ എത്താം. ഞാൻ ആദ്യമേ പറഞ്ഞിരുന്നു ഞങ്ങളുടെ ബാത്രൂം പുറകിലാണെന്ന്. ബാത്റൂമിലേക്ക് പോകുന്ന വഴി ഒരു വലിയ മതിലുണ്ട് സൈഡിൽ.
ആ മതിലിനപ്പുറത്തുള്ള വില്ല നമുക്ക് കാണാൻ കഴിയില്ല, എന്റെ ഉപ്പാക്ക് പോലും കാണാൻ കഴിയില്ല.

വെള്ള നിറത്തിലുള്ള, കാണാൻ ഭംഗിയുള്ള ആ മതിൽ പരുപരുത്തതാണ്, മതിലിന്റെ മുകളിൽ കുപ്പി ചില്ലുകൾ നിരത്തി വെച്ചിട്ടുണ്ട്, ആരും അപ്പുറത്തേക്ക് ചാടാതിരിക്കാനായിരിക്കണം.
എന്റെ കുഞ്ഞു തല വിചാരിച്ചിരുന്നത് ചൈന വന്മതിൽ എന്നാൽ ഇതു തന്നെയെന്നാണ്.
നമ്മുടെ നാട്ടിലൊന്നും ഞാനാ കാല ഘട്ടത്തിൽ ഇത്രയും വെളുത്ത ഉയരമുള്ള മതിലുകൾ കണ്ടിട്ടില്ല, ഇപ്പോഴത് സർവ്വസാധാരണമാണ്. നമ്മുടെ നാട്ടിൽ അന്ന് കൂടുതലായും ഉണ്ടായിരുന്നത് മുള്ളു വേലികളും, മണ്ണു കൊണ്ടുള്ള അര മതിൽ പോലത്തെ അതിരുകളും മാത്രമായിരുന്നു .
അതു കൊണ്ട് തന്നെ ആ വൻ മതിലിന്റെ അപ്പുറത്തെ വീടിന്റെ പ്രത്യേകതകൾ എന്താണെന്നും അവിടെ ആരോക്കെ ഉണ്ടെന്നും എന്നറിയാൻ എന്റെ കുഞ്ഞു ഹൃദയം തുടിച്ചിരുന്നു.

ഉമ്മയുടെ കൂടെ വാർപ്പിന്റെ മുകളിൽ കയറുമ്പോൾ ഞാൻ അവിടേക്ക് എത്തിച്ചു നോക്കും എന്നാൽ മുറ്റം വരെ ഷീറ്റിട്ട് കവർ ചെയ്തതിനാൽ എന്താണവിടെ എന്ന് കാണാൻ കഴിഞ്ഞില്ല. ഈ ആകാംഷ എന്നിൽ ഉയർത്താൻ വലിയ കാരണം എന്റെ ഉപ്പയാട്ടോ.
ഉപ്പ എപ്പോഴും പറയും ശബ്ദം വല്ലാണ്ട് ഉയർത്തി സംസാരിക്കരുത്, അപ്പുറത് ബലൂചികളാണ്   (ബലൂച് - ഇവർ പ്രാദേശിക ബെഡൂൺ കമ്മ്യൂണിറ്റിയുടെ ഭാഗമാണ്, പേർഷ്യൻ ഗൾഫിന് കുറുകെ സ്ഥിതിചെയ്യുന്ന ഇറാനിയൻ പീഠഭൂമിയിലാണ് ബലൂചിസ്ഥാൻ പ്രദേശം സ്ഥിതിചെയ്യുന്നത്. ഇരു പ്രദേശങ്ങളും തമ്മിലുള്ള സാമീപ്യം കാരണം ബലൂച് കുടിയേറ്റക്കാർ പേർഷ്യൻ ഗൾഫുമായി നൂറ്റാണ്ടുകളായി സമ്പർക്കം പുലർത്തുന്നു. 

ബലൂച് കുടിയേറ്റക്കാരിൽ ഭൂരിഭാഗവും തെക്കൻ മക്രാൻ തീരത്തുനിന്നുള്ളവരാണ്.  പേർഷ്യൻ ഗൾഫ് മേഖലയിൽ, പ്രത്യേകിച്ച് ഒമാൻ, യുഎഇ എന്നിവിടങ്ങളിൽ താമസിക്കുന്നു . പാകിസ്താനും യുഎഇയും രൂപപ്പെടുന്നതിന് മുമ്പ് ബലൂച്ചിൽ പലതും ഈ പ്രദേശത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ട്. 1925 ന് മുമ്പോ യൂണിയൻ രൂപീകരിക്കുന്നതിന് മുമ്പോ ട്രൂഷ്യൽ സ്റ്റേറ്റുകളിൽ താമസിച്ചിരുന്ന ബലൂച്ചിന് 1972 ലെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് പൗരത്വവും പാസ്‌പോർട്ട് നിയമവും അനുസരിച്ച് ആർട്ടിക്കിൾ 17 പ്രകാരം എമിറാത്തി പൗരത്വം വാഗ്ദാനം ചെയ്തു. ഇവർ അറബി സംസാരിക്കുന്നു, ചിലർ ബലൂചി അല്ലെങ്കിൽ പേർഷ്യൻ ഭാഷയും ഉപയോഗിക്കുന്നു. അവർ പ്രധാനമായും സുന്നി മുസ്ലീങ്ങളാണ്.  ഇവരിൽ പലർക്കും ഇപ്പോഴും യുഎഇ പാസ്പോർട്ട് ഒന്നും ഇല്ലാട്ടോ. ഇവരിൽ ഭൂരിഭാകം ആളുകളും ജോലി ചെയ്യുന്നത് പോലീസിലും പട്ടാളത്തിലുമാണ്) അവർ അറബികളാണെന്നും അവരുടെ മകൻ പോലീസിലാണെന്നും ഉപ്പ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് തന്നെ ഒരിത്തിരി ഭയവും ഉണ്ടായിരുന്നു.
അങ്ങനെയിരിക്കെ ഞാനും എന്റെ അനിയനും മുറ്റത്ത് സൈക്കിൾ ഓടിച്ചു കളിച്ചു കൊണ്ടിരിക്കെ ഒരു ശബ്ദം കേട്ടു, 

തുടർന്ന് ഞങ്ങളുടെ വന്മതിലിന്റെ അതേ ഉയരത്തിലുള്ള ഇരുമ്പിന്റെ കറുത്ത ഗെയ്റ്റിന് പുറത്തുള്ള ബെൽ അടിച്ചു കൊണ്ടേയിരുന്നു.
ഞങ്ങൾ വളരെ ചെറുതായതിനാൽ അത് തുറക്കാൻ ബുദ്ദിമുട്ടായിരുന്നു. ഉമ്മയാണേൽ വീടിനകത്തും, ഉമ്മ വരുന്നതിനു മുൻപ് ബെൽ ശബ്ദം നിന്ന് ഗെയ്റ്റിൽ അടിക്കണ ശബ്ദമായി.
എന്റെ അനിയൻ ഉമ്മാനെ വിളിക്കാൻ അകത്തേക്ക് ഓടി, ഞാൻ ഞെട്ടി തരിച്ചു ഗെയ്റ്റിൽ തന്നെ തുറിച്ചു നോക്കി നിന്നു.
ആ ഉയർന്ന ശബ്ദവും നിർത്താതെയുള്ള തട്ടലും ഉമ്മയിൽ ഭയം ഉണ്ടാക്കി, ആരെങ്കിലും സഹായത്തിനാകും വന്നിരിക്കുന്നത് എന്ന ചിന്തയും, ഞാൻ ഉമ്മാട് തല ആട്ടി തുറക്കരുതെന്ന് പറഞ്ഞെങ്കിലും ഉമ്മ തുറക്കുക തന്നെ ചെയ്തു.

ഗെയ്റ്റ് തുറന്നതും…! കറുപ്പ് നീളൻ ഉടുപ്പിൽ മഞ്ഞയും പിങ്കും നിൻറത്തിലുള്ള ചെറിയ പൂക്കളുള്ള വസ്ത്രമണിഞ്ഞ ഒരു സ്ത്രീ, തലയിൽ കറുപ്പ് തലമറ അവരുടെ വയർ വരേയ്ക്കും വിരിഞ് കിടക്കുകയാണ്. അവരെ കണ്ടതും ഞാനൊന്ന് ഞെട്ടി! അവരുടെ മുഖം കാണാൻ കഴിയില്ലായിരുന്നു. മൂക്കും നെറ്റിയും മേൽചുണ്ടും മറക്കത്തക്ക വിധത്തിൽ ഒരു കറുപ്പ് ചധുരക്കട്ട മുഖത്തുണ്ടായിരുന്നു (ബട്ടറുല്ഹ എന്നാണ് അവർ ധരിച്ചിരുന്ന ആ മാസ്കിന്റെ  പേര്, പേർഷ്യൻ ഗൾഫിലെ അറബ് സംസ്ഥാനങ്ങളിലെ അറബ്, പേർഷ്യൻ ബലൂച് സ്ത്രീകൾ പരമ്പരാഗതമായി ധരിക്കുന്ന ലോഹ രൂപത്തിലുള്ള മസ്‌കാണിത് ഇതിന്റെ ഉൽഭവം ആർക്കും തന്നെ അറിയില്ല, പക്ഷെ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഗുജറാത്തിൽ നിന്നും കിഴക്കൻ അറേബ്യൻ ഉപദീപിൽ നിന്നും വന്നതാണെന്ന് കരുതപ്പെടുന്നു. ഈ പാരമ്പര്യയം പുതു തലമുറയിൽ ജനപ്രീതി കുറവാണ്, പക്ഷെ ഇപ്പോഴും 70 വയസ്സിനും അതിന് മുകളിലും പ്രായമുള്ള സ്ത്രീകളും ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരും പിന്തുടരുന്നു).  
ഞാനത്രയും കാലം വരെ അങ്ങനെയൊരു മുഖമൂടി കണ്ടിട്ടുള്ളത് ബാറ്റ്മാന് മാത്രമാണ്.

അവരുടെ മുഖത്ത് ആകെ കാണാൻ കഴിഞ്ഞ്ഞിരുന്നത് കണ്ണിനു താഴെ ചെറിയൊരു ഭാഗവും പിന്നെ താടിയും മാത്രമാണ്, അതിൽ നിന്നും എനിക്ക് മനസിലായി അവർ വെളുത്തു വയസ്സായ ഒരു സ്ത്രീയാണെന്ന്, അവരുടെ തൊലി നന്നേ ചുളിഞ്ഞിരുന്നു.
ഞാൻ പറഞ്ഞു വന്നത് എന്തെന്നാൽ ഞാനൊന്ന് ഞെട്ടി. ഇടിച്ചു അകത്തു കയറുന്നത് പോലെയാണ് എനിക്ക് തോന്നിയത്, തുടർന്ന് അവരുടെ ഭാഷയിൽ (അറബിയിൽ) എന്തോക്കെയോ പറഞ്ഞു.
ആ തണപ്പു കാലത്തും എന്റെ ഉമ്മയുടെ നെറ്റി വിയർക്കുന്നത് ഞാൻ കണ്ടു, എന്റെ തൊണ്ടയിലെ വെള്ളം ഇറക്കണമെന്നുണ്ടായുന്നെങ്കിലും എനിക്കതിന് സാധിച്ചില്ല.
അവർ പറയുന്നത് ഞങ്ങൾക്ക് മാസിലായില്ല എന്ന് കരുതിയാവണം  അടുത്തത് ആക്ഷൻ ആയി, കൈകൾ മേലേക്കും താഴേക്കും ഉയർത്തുന്നു “ബൂം”എന്ന് പറയുന്നു, തലയിൽ  കൈ വെക്കുന്നു, അൽഹംദുലില്ലാഹ് എന്ന് പറയുന്നു .
മൊത്തത്തിൽ ആളാകെ പേടിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക മനസിലായി.
ഞങ്ങൾ മൂന്നു പേരും അന്ധം വിട്ട പോലെ അവരെ തന്നെ നോക്കി നിൽക്കുകയാണ് . 
ഞങ്ങളുടെ പ്രതികരണമില്ലായ്മ കണ്ടിട്ടാവണം അവർ ഉമ്മാടെ കൈക്ക് കേറിപിടിച്ചു  വലിച്ചു, എനിക്ക ഉമ്മാട് പോകല്ലേ എന്ന് പറയണമെന്നുണ്ടായിരുന്നു… ഉമ്മ ഒരു യന്ത്രം പോലെ അവരുട പിന്നാലെ പോയി!
ഗേറ്റ് കടക്കാൻ നേരത്താകണം ഉമ്മയ്ക്ക് ബോധം വന്നത്; ഉമ്മ തല പുറകിലേക്ക് തിരിച് വായോ എന്ന് ഞങ്ങളെ വിളിച്ചു. കേട്ട പാതി കേൾക്കാത്ത പാതി ഞങ്ങൾ ഉമ്മാടെ പിന്നാലെ ഓടി.
അപ്പോഴാണ് ഞങ്ങൾക്ക് മനസിലായത്, അപ്പുറത്തുള്ള ബലൂചി വില്ലയിലെ ഉമ്മയാണ് അതെന്ന്. അവർ അവരുടെ വീട്ടിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്.
എന്റെ സ്വപ്ന സാഷാത്കാരമാണിന്നെന്ന് എനിക്ക് മനസിലായി, ഏറേ നാൾ കൗതുകത്തോടെ കാണാൻ കൊതിച്ച ഇടത്തേക്ക് ഞങ്ങളെ പിടിച് വലിച്ചു കൊണ്ട് പോയി. 
അവിടെ പോയപ്പോഴാണ് കാര്യം മനസിലായത്, അവരുടെ വീട്ടിലെ സ്റ്റൗ പൊട്ടിത്തെറിച്ചു. ഒരു വലിയ അപകടത്തിൽ നിന്നാണ് അവർ രക്ഷപെട്ടിരിക്കുന്നത്. നമ്മളോട് ശ്രദ്ധിക്കാന്‍ എന്നാണ് അവർ പറയുന്നതെന്ന് ഉമ്മ പറഞ്ഞു തന്നു. വളരെ സ്നേഹമുള്ള ഒരു പ്രായമുള്ള സ്ത്രീയായിരുന്നു അവർ.
പരസ്പരം സംസാരിക്കാനും മനസിലാക്കാനും ഭാഷ ഒരു തടസ്സമേ അല്ല എന്ന് ഉമ്മ വീണ്ടും തെളിയിച്ചു, ഉമ്മാക്ക് അറിയുന്ന ഭാഷയൊന്നും ആ വലിയുമ്മക്ക് അറിയില്ലായിരുന്നു. ഉമ്മ ഇംഗ്ലീഷും ഹിന്ദിയും കൂട്ടി കലർത്തി ഒരുവിധം അഡ്ജസ്റ്റ് ചെയ്യുമെന്ന് ഞങ്ങൾക്കറിയാം; എന്നാൽ ആ വലിയുമ്മക്ക് ഇതൊന്നും അറിയില്ല…
എന്നിരുന്നാലും ഉമ്മ അവർക്ക് വളരെ പ്രിയപ്പെട്ടതാണ്, അവർ പെട്ടെന്നു തന്നെ അടുത്ത്. പിന്നീടങ്ങോട്ട് അവരുടെ വീട്ടിൽ ഉണ്ടാക്കുന്ന പ്രത്യേക പലഹാരങ്ങളും കറികളും ഞങ്ങളുടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു. പ്രേത്യേകിച്ചും നോമ്പു കാലങ്ങളിൽ.
ഉപ്പും പുളിയും എരിവും ഒന്നും ഇല്ലാത്തതിനാൽ അവരുടെ വീട്ടിലെ ഭക്ഷണങ്ങളൊന്നും ഞങ്ങൾക്ക് പ്രിയപെട്ടതായില്ല അവരൊഴികെ. മുളക് കറിയുടെയും പൊരിച്ചമീനിന്റെയും സ്‌പൈസസ് നാവിലുള്ള ഞങ്ങൾക്കുണ്ടോ ഇതൊക്കെ പിടിക്കുന്നു…!
ഇപ്പോഴും കുട്ടിക്കാലത്തെ ഈ ഓർമ്മ വളരേ പ്രിയപെട്ടതാണ്…! ഓർമകൾ എന്നും വിലപെട്ടതും സ്നേഹ സമ്പന്നവുമാണ്!


-- ലദീദ അസ്ബീര്‍ --
D/o : അബ്ദുല്‍ മജീദ്‌ പുറത്താട്ട്


We wish you the best Ladeeda. Hope to see more from you.


AKAM 
About Keen Ambitious Mission


10 comments:

  1. Nalla ezhuthu 👍

    Keep writing ... all the best

    ReplyDelete
  2. അറബ് നാട്ടിലെ ഓർമ്മകുറിപ്പ്
    നന്നായിട്ടുണ്ട്

    ReplyDelete
  3. Good writing ✍️
    Best wishes.

    ReplyDelete
  4. വളരെ നന്നയിട്ടുണ്ട് വീണ്ടും ഇതുപോലെ ഉള്ള എഴുത്തുകൾ പ്രതീക്ഷിക്കുന്നു

    ReplyDelete
  5. ഓർമ്മകൾ ഓർമ്മച്ചെപ്പുകൾ.... വിവരണം വിവരണാദിതം... മനോഹരം ഹൃദ്യം.. my dear sister

    ReplyDelete
  6. ഓർമ്മ കുറിപ്പുകളും അനുഭവങ്ങളും. ഒക്കെനമൂടെ അക്ം തളം നിറയെട്ടെ
    അങ്ങിനെ പുറം ലോകം നമ്മെയും നാടിനെയും കൂട്ടായ്മയെയും. നമ്മുടെ ഓരോ വെക്തികളുടെയും കഴിവുകളുമെല്ലാം. അകത്ത്‌ നിന്ന് പ്വാര്റത്തിറങ്ങെട്ടെ 💐👍

    ReplyDelete
  7. Good writing dear... 👍👍

    ReplyDelete
  8. നല്ല ഓർമ്മക്കുറിപ്പ്, ഓരോ ഓര്മക്കുറിപ്പും ഇന്നലെകളുടെ മായാത്ത ചില നനവുകൾ വായനക്കാരിലും എത്തിക്കും. അന്ന് ചിലപ്പോൾ കണ്ണ് നനച്ച ഓർമ്മകൾ ഇന്ന് കുളിരുള്ളതായിരിക്കാം.
    എന്തായാലും ഓര്മകകൾ പങ്ക് വെച്ച സഹോദരിക്ക് ആശംസകൾ.

    ReplyDelete