Tuesday 7 July 2020

ഓർമകളിലെ വെള്ളി വരകൾ

ഓർമകളെ എല്ലാം ചുമ്മാ മുറ്റത്തെ മഴയത്തേക്കു നനയാൻ വിട്ട്‌ ഒരു ചൂടുള്ള സുലൈമാനി ഊതിക്കുടിച് കസേരയിൽ ചാഞ്ഞിരുന്നു . 

കറുകറെ കാർമുകിൽ .......
കൊമ്പനാന പുറത്തേറി വരുന്നേ....🎼🎼

മോന്റെ മലയാളം പാഠപുസ്തകത്തിലെ വരികൾ ചുണ്ടിൽ വിരിഞ്ഞുതുടങ്ങിയതേ ഉള്ളൂ ... പധോം....!!  ....ഞാനും  സുലൈമാനിയും പാട്ടും ... ധാ കിടക്കണ്


AASC Tippunagar




ഭാഗ്യം ആരും കണ്ടില്ല , വേഗം അടിച്ചു വാരി മുറ്റത്തേക്കിട്ടു .. ഓര്മകളോടൊപ്പം സുലൈമാനിയും പാട്ടും നനയട്ടെ .. നനഞ്ഞു കുതിരട്ടെ . 

അതേ കസേരയിൽ വീണ്ടും വന്നിരിക്കുമ്പോൾ ഒന്നൂടെ ഉറപ്പു വരുത്തി .. ഫൈബർ കസേര പൊട്ടിയിട്ടില്ല . 

ഫൈബർ കസേരകൾ കൊറേ എണ്ണം ഉണ്ട് വീട്ടിൽ , ഒരു ഡസനോളം ...ഒന്നും പൊട്ടിയിട്ടില്ല. ഒന്ന് നിറം മങ്ങുക പോലും ചെയ്‌തിട്ടില്ല . അന്ന് ഉപ്പ എന്റെ കുട്ടിക്കാലത്തെ” പ്രേഷ്യന്നു കൊടുന്നതാ “.. ! 

ആകാശ വിശാലതയുടെ ഇളം നീല നിറമുള്ള കസേരകളിലേക്കു ഞാൻ ചുമ്മാ നോക്കിയിരുന്നു ...

ദാ കയറി വരുന്നു മുറ്റത്തേക്ക് നനയാൻ വിട്ട ഓർമ്മകൾ .
നനഞ്ഞു കുതിർന്ന നിറം മങ്ങാത്ത ഓർമ്മകൾ എന്റെ കണ്ണുകളിലേക്കു ഇരച്ചു കയറിതുടങ്ങി . 

എന്റെ ഉപ്പ പ്രേഷ്യലാണ് എന്ന് പറഞ്ഞു തുടങ്ങിയത് കുട്ടിക്കാലത്തെ ഫോട്ടോകൾ കണ്ടിട്ടാണ് . ഫോട്ടോയിൽ പ്രേഷ്യയുടെ ഭംഗി വേണ്ടുവോളം ആസ്വദിച്ചിട്ടുണ്ട് ‌ . 

വലിയ കെട്ടിടങ്ങൾ , എല്ലാ ഫോട്ടോയിലും മാരുതി കാറുകൾ , കുണ്ടും കുഴിയും ചെളിയുമില്ലാത്ത റോഡുകൾ . റോഡിനു നടുക്ക് വെള്ളി നിറമുള്ള വരകൾ ... ചുറ്റും പൂന്തോട്ടങ്ങൾ ... അങ്ങനെ എല്ലാം ഞാൻ ഉപ്പാടെ കൂടെ ഫോട്ടോയിൽ കണ്ടിട്ടുണ്ട് .
 
കണ്ണുകളിൽ ആകാശ വിശാലതയുടെ ഇളം നീല നിറങ്ങൾ മാത്രം . എല്ലാ ഓർമകളും ഇപ്പൊ എന്റെ തൊട്ടപ്പുറത്തെ ഫൈബർ കസേരയിൽ വന്നിരിക്കുന്ന പോലെ തോന്നി. 

കാറിന്റെ ഡിക്കിൽ പുറത്തേക്കു തള്ളിനിൽക്കുന്ന ഫൈബർ കസേരയുടെ കാലുകളുമായി ഉപ്പ ഗൾഫിൽ നിന്ന് വരുന്ന കാഴ്ച .
ഒരു ഡസൻ കസേരകൾ വീട്ടിനകത്തു ഒന്നിച്ചിരിക്കുമ്പോൾ ഫോട്ടോയിൽ കണ്ട കെട്ടിടങ്ങളിൽ ഒന്ന് ഉപ്പ പറിച്ചു കൊടുന്ന പോലെ തോന്നി ... 
ആഹാ വീടിനകത്തു നിറയെ പേർഷ്യൻ സുഗന്ധം നിറഞ്ഞു . 

ഓർമകളിലേക്ക് ഊളിയിടുമ്പോഴെപ്പോഴോ ഞാൻ കാലുകൾ മറ്റൊരു കസേരയിലേക്ക് കയറ്റി വെച്ചിരുന്നു ... പുറത്തു മഴ നേർത്തു നൂലുപോലെ പെയ്യുന്നു . 

നൂല് പൊട്ടിയ പട്ടം പോലെ അല്ലെങ്കിൽ ചന്നം പിന്നം പെയ്യുന്ന മഴ പോലെ പിന്നെയും ഞാൻ ആ ദിവസങ്ങളെ ഓർത്തെടുത്തു . 

ആൽബങ്ങളിലെല്ലാം തിളങ്ങി നിൽക്കുന്ന ഉപ്പാടെ പേർഷ്യയിലേക്കു എന്നെയും കൊണ്ടോയ്ക്കൂടെ ... ?? 

ഞാൻ ഇടയ്ക്കിടയ്ക്ക് എന്നോട് തന്നെ ചോദിക്കുന്ന ചോദ്യം ! 

അങ്ങനെ ഒരവധിക്കാലം കഴിഞ്ഞു ..., 
പേർഷ്യൻ സുഗന്ധങ്ങൾ വീടിനകത്തു കുറഞ്ഞു കുറഞ്ഞു ഇല്ലാതായി.

 ഉപ്പ തിരുച്ചുപോവാനായി തയ്യാറെടുക്കുന്ന ദിവസം .
ഞാൻ ഉപ്പ തന്ന കളിപ്പാട്ടങ്ങളിൽ പരീക്ഷണം നടത്തുകയായിരുന്നു.

ഉപ്പ എന്റെ അടുത്ത് വന്നു ഒറ്റ ചോദ്യം ... “ നീ വരുന്നുണ്ടോ ഉപ്പാനെ കൊണ്ടാക്കാൻ “ 

ഞാനോ ..?? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല .. ഞാൻ കണ്ട ഉപ്പാടെ പ്രേഷ്യയിലേക്കു എന്നോട് കൂടെ വരാനോ ?സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യാതായി . 

ഉപ്പാനെ ഞാൻ പ്രേഷ്യയിലേക്കു കൊണ്ടാക്കാൻ പോവാണെന്നു വീമ്പു പറഞ്ഞു  ഞാനും വേറാരൊക്കെയോ കാറിൽ ഉപ്പാനെ പേർഷ്യയിലേക്ക്  കൊണ്ട് പോയി കൊണ്ടിരിക്കുന്നു ..കുറേ നേരം പുറത്തെ കാഴ്ചകളിലേക്ക് നോക്കി കൊണ്ടിരിക്കുമ്പോൾ അതാ റോഡിനു നടുവിൽ വെള്ളി വരകൾ ... 
അതെ ഉപ്പാടെ ആൽബത്തിലെ ഫോട്ടോയിലെ വെള്ളിവരകൾ.. അതെ വഴി തെറ്റിയിട്ടില്ല ! 

പിന്നെയും കുറേനേരം കഴിഞ്ഞിട്ടും ഫോട്ടോയിലെ കെട്ടിടങ്ങൾ കാണുന്നില്ല .. ഭംഗിയുള്ള പൂന്തോട്ടങ്ങൾ കാണുന്നില്ല . ഇടയ്ക്കിടയ്ക്ക് റോഡിലെ വെള്ളിവരകൾ കാണുന്നില്ല !! 

വഴി തെറ്റിയോ .. കുഞ്ഞു മനസ്സിൽ അങ്കലാപ്പായി .

ഇല്ല .. അതാ വീണ്ടും വെള്ളി വരകൾ .. പേർഷ്യയിലേക്കുള്ള വഴികൾ തെറ്റാതിരിക്കണേ .. മനസ്സ് മുഴുവൻ കാണാൻ പോകുന്ന മനോഹര ചിത്രങ്ങളായിരുന്നു . 

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ദൂരെ അതാ കാണുന്നു മനോഹരമായ ഒരു കെട്ടിടം. കുറെ ഏറെ വില്ലുകൾ നാട്ടിവെച്ച മഞ്ഞ നിറമുള്ള ഒരു കെട്ടിടം . 
നടുവിലൂടെ കൊറേ ഏറെ വണ്ടികൾ പോകുന്നു . പക്ഷെ അതൊന്നും ഫോട്ടോയിൽ കണ്ട പോലെ മാരുതി കറുകളല്ല. 

ഞങ്ങളുടെ കാറും ആ കെട്ടിടത്തിന്റെ നടുവിലൂടെ ചീറിപായുമ്പോൾ വില്ലു പോലെ നാട്ടി വെച്ചതൊക്കെയും മഞ്ഞ നിറമുള്ള വളയങ്ങൾ ആവുന്നു ... താഴെ കടൽ പോലെ.....

ആഹാ .. ഫോട്ടോയിൽ ഉള്ള കെട്ടിടങ്ങളെക്കാൾ അതി മനോഹരം . 

അതെ ഞാൻ കാണാൻ ആഗ്രഹിച്ച എന്റെ ഉപ്പാടെ പേർഷ്യയിലേക്ക് ഇതാ ഞങ്ങൾ എത്തിയിരിക്കുന്നു . 
മനസ്സ് സന്തോഷം കൊണ്ട് പെരുമ്പറ കൊട്ടി . ഇനി എന്തെല്ലാം കാണാൻ കെടുക്കുന്നു എന്ന് മനസ്സ് മന്ത്രിച്ചു. 

വീണ്ടും കുറെ ദൂരം യാത്ര ചെയ്‌തിട്ടും ഫോട്ടോയിലെ കെട്ടിടങ്ങളോ കാറുകളോ കാണാനില്ല ... റോഡിലെ വെള്ളി വരകൾ കാണാനില്ല ... എന്റെ വീടിന്റെ മുന്നിലുള്ളതു പോലുള്ള കുണ്ടും കുഴിയും നിറഞ്ഞ റോഡ് 
ഞങ്ങൾക്ക് ഉറപ്പായിട്ടും വഴിതെറ്റിയിട്ടുണ്ട് .

മനസ്സിലെ സന്തോഷമെല്ലാം മാഞ്ഞു തുടങ്ങി . 
ഉപ്പാടെ പേർഷ്യയിലേക്ക് ഇനിയും ദൂരം പോവാനുണ്ടോ ..?

ചോദ്യങ്ങളും സംശയങ്ങളുമായി ഞാൻ എപ്പോഴോ ഉറക്കത്തിലേക്കു മയങ്ങി വീണു . 

മഴയോടൊപ്പം കാറ്റും വീശിയടിച്ചപ്പോൾ ഞാൻ ഉറക്കിൽ നിന്നുണർന്നു .. മുഖത്തു വെള്ളതുള്ളികൾ നിറഞ്ഞിരിക്കുന്നു .

ഉപ്പാന്റെ കൂടെ  ആദ്യമായി കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകുമ്പോൾ ഞാൻ കണ്ട കാഴ്ചയും ആദ്യമായി കുറ്റിപ്പുറം പാലം കണ്ടപ്പോൾ ഉപ്പാടെ പേർഷ്യ എത്തി എന്ന് ഞാൻ മനസ്സിൽ പറഞ്ഞതും ഇന്നും നിറങ്ങൾ മായാതെ കണ്ണുകളിൽ നിറയാറുണ്ട്‌. 
 
മഴ ശക്തിയായിരിക്കുന്നു .... നൂല് പോലെ നേർത്ത മഴ മാറി കാറ്റിന്റെ അകമ്പടിയിൽ മഴ പരന്നു പെയ്യുന്നു .. കാർമേഘങ്ങൾ ഇരുണ്ടു കൂടിയ പെരുമഴയായി മാറി . ഉപ്പാനെ അവസാനമായി കൊണ്ടാക്കി വന്ന ദിവസത്തെ വൈകുന്നേരത്തെ മഴ പോലെ ....

വെള്ളി വരയിട്ട സ്വർഗത്തിലേക്കുള്ള വഴികളിൽ എവിടെങ്കിലും വെച്ച് കണ്ടുമുട്ടാമെന്നു പറഞ്ഞു പിരിഞ്ഞ ആ ദിവസത്തെ മഴ പോലെ !!


----   നിത്യന്‍  -----


AKAM wishes you the very best and hope to see more stories.

AKAM
About Keen Ambitious Mission


8 comments: